ഹാന്റവൈറസ് ബാധമൂലം ചൈനയില്‍ ഒരു മരണം

ബീജിങ്: ചൈനയിലെ യുന്നനിൽ ഒരാൾ മരിക്കാനിടയായത് ഹാന്റവൈറസ് ബാധ മൂലമാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾക്കൊപ്പം യാത്ര ചെയ്ത മുപ്പതിലധികം ആളുകളിൽ ഹാന്റവൈറസ് ബാധ സംശയിച്ചതിനെ തുടർന്ന് ഇവരേയും പരിശോധനയ്ക്ക് വിധേയരാക്കി.
കൊറോണവൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നോവൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഠിനപരിശ്രമം നടത്തുന്നതിനിടെ ഹാന്റവൈറസ് കാരണമുണ്ടായ മരണം ജനങ്ങളുടെ പരിഭ്രമം വർധിപ്പിച്ചിരിക്കുകയാണ്. ഗൂഗിളിൽ ആളുകൾ ചൊവ്വാഴ്ച ഏറ്റവുമധികം തിരഞ്ഞത് ഹാന്റവൈറസായിരുന്നു, കൂടാതെ ട്വിറ്ററിൽ ട്രെൻഡിങ്ങും.
എലികളിൽ നിന്നാണ് ഹാന്റവൈറസ് ബാധയുണ്ടാകുന്നത്. മറ്റ് വൈറസുകളെ പോലെ ജീവൻ അപകടത്തിലാക്കുമെങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും നോവൽ കൊറോണ വൈറസിനെ പോലെ ഇവയ്ക്ക് ജനിതകമാറ്റം വരുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
1978 ൽ ദക്ഷിണകൊറിയയിൽ തിരിച്ചറിഞ്ഞ വൈറസിന് 1981 ലാണ് ഹാൻഡ വൈറസെന്ന പേര് നൽകിയത്. ഹാന്റവൈറസ് മനുഷ്യരിൽ രണ്ടു തരത്തിലുളള രോഗാവസ്ഥയാണ് ഉണ്ടാക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്- ഹാന്റവൈറസ് പൾമണറി സിൻഡ്രോം(HPS) ഹെമറേജിക് ഫീവർ വിത് റീനൽ സിൻഡ്രോം(HFRS) എന്നിവ. ഇതിൽ എച്ച്.പി.എസ്. വടക്ക്-തെക്ക് അമേരിക്കയിലും എച്ച്.എഫ്.ആർ.എസ്. യൂറോപ്പിലും ഏഷ്യയിലുമാണ് കണ്ടെത്തിയത്.
എലികളിൽ നിന്നാണ് പകരുന്നത്. വൈസറസ്ബാധയുള്ള എലികളുടെ മൂത്രം, കാഷ്ഠം, അല്ലെങ്കിൽ അവ ഭക്ഷിക്കാനോ സ്പർശിക്കാനോ ഇടയായ ഭക്ഷണം, കടിയേൽക്കുന്നത് എന്നിവയെല്ലാം രോഗം മനുഷ്യരിലേക്കെത്തുന്നതിന് കാരണമാവും. എലികളിൽ നിന്ന് മറ്റു മൃഗങ്ങളിലേക്കും ഹാൻഡവൈറസ് പകരാം.
പനി, പേശിവേദന, തലവേദന, തലചുറ്റൽ, വിറയൽ, വയറിന് അസ്വസ്ഥത എന്നിവയാണ് പ്രധാനരോഗലക്ഷണങ്ങൾ. രക്തസമ്മർദം കുറയുക, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, രക്തസ്രാവം ഉണ്ടാവുകഎന്നിവയും ഉണ്ടാവാം. ചികിത്സ തേടാതിരുന്നാൽ ശ്വാസതടസം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യും. താരതമ്യേന മരണനിരക്ക് കുറവാണ്. എലികൾ കൂടാതെ മുയൽ പോലെയുള്ള ചെറിയ മൃഗങ്ങളും വൈറസ് വാഹകരാകാറുണ്ട്.
ഹാന്റ വൈറസ് കേസുകൾ കാര്യമായി ഇതുവരെ റിപ്പോർട്ട് ചെയ്യാത്തതിനാൽ രോഗം പകരാൻ ഇടയുള്ള കാലത്തെക്കുറിച്ച് (ഇൻക്യുബേഷൻ പിരീഡ്) കൃത്യമായ ധാരണയില്ല. എങ്കിലും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) പറയുന്നത് ഒന്നു മുതൽ എട്ടാഴ്ചയാണ് ഈ കാലയളവായി നിലവിൽ കണക്കാക്കുന്നതെന്നാണ്.
ഹാന്റവൈറസ് ബാധയ്ക്ക് നിലവിൽ കൃത്യമായ ഒരു ചികിത്സയോ വാക്സിനോ ഇല്ല. ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തിയാൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പടെയുള്ള ലക്ഷണങ്ങൾ കുറയ്ക്കാനുള്ള ചികിത്സയാണ് നൽകുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പുവരുത്തുകയാണ് രോഗത്തെ തടയാനുള്ള മാർഗമെന്നും സി.ഡി.സി. വ്യക്തമാക്കുന്നുണ്ട്.
Content Highlights: Hantavirus kills man in China, spreads fear, but it's not a new virus

Comments

Popular posts from this blog

Hantaviridae

Learn About Hantavirus Pulmonary Syndrome

After Coronavirus, Orthohantavirus or Hantaviruses appears in China, One man died due to Orthohantavirus.